കിഴക്കമ്പലം കേന്ദമായി പ്രവര്‍ത്തിച്ചിരുന്ന ട്വന്റി 20 സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുക. ഇതിനായി ഞായറാഴ്ച മുതല്‍ അംഗത്വ കാമ്പയിന്‍ ആരംഭിക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ട്വന്റി 20യുടെ പ്രവര്‍ത്തനമെന്ന് കോ – ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച കോലഞ്ചേരിയിലാണ് സംസ്ഥാനതല അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം നടക്കുന്നത്. ഇവിടെ വെച്ച് പാര്‍ട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കും. ഡിജിറ്റലായാണ് അംഗത്വം നല്‍കുന്നത്. കേരളത്തിലുള്ളവര്‍ക്ക്, കേരളത്തിനു പുറത്ത് രാജ്യത്തിനകത്തുള്ളവര്‍ക്ക്, രാജ്യത്തിന് പുറത്തുള്ള മലയാളികള്‍ക്ക് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് അംഗത്വം നല്‍കുക.
മറ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ടുള്ളവര്‍ക്കും അവിടെ നിന്ന് പിന്മാറി ട്വന്റി ട്വന്റിയുടെ ഭാഗമാകാവുന്നതാണ്. ഒരാള്‍ക്ക് അംഗത്വം ലഭിക്കാന്‍ വെറും മുപ്പതു സെക്കന്‍ഡ് സമയം മാത്രം മതി. അംഗത്വ കാര്‍ഡും ഡിജിറ്റലായി ലഭിക്കും. പരമ്പരാഗത പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായ പ്രവര്‍ത്തന രീതികളുമായി മുന്നോട്ട് വരുമ്പോള്‍ നല്ല പിന്തുണ ലഭിക്കുമെന്നാണ് ട്വന്റി 20 പ്രതീക്ഷിക്കുന്നത്.
അധികാരം ലക്ഷ്യമിട്ടായിരിക്കില്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും എന്നാല്‍ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ സംശുദ്ധ ഭരണം യാഥാര്‍ത്ഥ്യമാക്കുമെന്നും ട്വന്റി 20 പറയുന്നു. യുവതലമുറക്കൊപ്പം പഴയ തലമുറയേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാകും കാര്യങ്ങളെന്നും ട്വന്റി 20 അവകാശപ്പെടുന്നു.