കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുൻ എം.എൽ.എ കെ. ശിവദാസൻ നായർ. അംഗത്വം റദ്ദാക്കാൻ സാധിച്ചേക്കും, കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ സാധിക്കില്ല. തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. എന്നും കോൺഗ്രസുകാരനായിരിക്കും -ശിവദാസൻ നായർ പറഞ്ഞു.
അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണമെന്നും ശിവദാസൻ നായർ പറഞ്ഞു.
വളരെ കാലാമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്‍റെ പ്രശ്‌നമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴും പാര്‍ട്ടിവിരുദ്ധ നടപടി പരസ്യമായി എടുത്താലും അവര്‍ക്ക് ഒരു താക്കീത് പോലും കൊടുക്കാന്‍ ആരും ഉണ്ടാകുന്നില്ല. ഇതെല്ലാം ഈ പാര്‍ട്ടിയില്‍ ഉണ്ടായ പുഴുക്കുത്തുകളാണ്. സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാവിന് ഇതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡി.സി.സി പട്ടിക കണ്ടപ്പോള്‍ ആ പ്രതീക്ഷ മങ്ങിയെന്നും അദ്ദേഹം പറഞ്ഞു.