ജീവിച്ചിരിക്കുന്നയാള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സന്ദേശം; വീണ്ടും വിവാദത്തിലായി ആലപ്പുഴ മെഡിക്കല്‍ കോളേജ്

വെള്ളിയാഴ്ച രാത്രിയിലാണ് കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാര ഒരുക്കങ്ങള്‍ നടത്തി ആശുപത്രിയിലെത്തി. മൃതദേഹം ഏറ്റുവാങ്ങാന്‍ ആംബുലന്‍സുമായെത്തിയ ബന്ധുക്കള്‍ക്കാകട്ടെ മൃതദേഹം കണ്ടെത്താനായില്ല. ഇതോടെ നടത്തിയ പരിശോധനയിലാണ് രമണന്‍ വെന്റിലേറ്ററില്‍ ജീവനോടെയുണ്ടെന്ന് മനസിലായത്.

രമണന്‍ മരിച്ചെന്ന് കരുതി ആദരാഞ്ജലി പോസ്റ്ററടക്കം അടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഗുരുതരമായ വിഷയമാണെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുമ്പ് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുതര വിഷയമാണിതെന്നും ശക്തമായ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ആലപ്പുഴ മെഡിക്കല്‍ കേളേജാശുപത്രിയില്‍ വെച്ച് മൃതദേഹം മാറി നല്‍കിയതില്‍ അന്വേഷണം നടന്നു വരികയാണ്.