വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വെയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും മധ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം നടക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമരം ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറി. മത സ്പര്‍ദ്ധ വളര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തില്‍ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി. മത സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ല.
എന്നാല്‍ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സര്‍ക്കാരിനെതിരെ നടത്തുന്ന സമരം ആയതിനാല്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. ഇന്ന ്കലക്ടറും പൊലീസ് കമ്മിഷണറും ചേര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അദാനിയുടെ ഹര്‍ജി ഇന്ന് കോടതിയിലുണ്ട്.
അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനം തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നല്‍കുകയും ചെയ്ത സമരസമിതി അതെല്ലാം ലംഘിച്ച ശേഷം അവര്‍ നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകും.
സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന ചോദ്യത്തിന് ചില റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷിച്ച് വരികയാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ രഹസ്യ ഏര്‍പ്പാടുകള്‍ ഒന്നുമില്ല. നിരന്തര ചര്‍ച്ച നടത്തുന്നുണ്ട്.
Read more
സമരക്കാരുടെ 7ല്‍ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചു. പുതിയ ആവശ്യങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നു. പിന്നീട് ചര്‍ച്ചക്ക് എത്തുന്നില്ല. സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു. മണ്ണെണ്ണ സൗജന്യമായി നല്‍കണം എന്നതാണ് മറ്റൊരു ആവശ്യം. എന്നാല്‍ അത് അത് കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.