തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.
ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയ്യാറാണ്. പാര്‍ട്ടി തീരുമാനങ്ങളോ നിര്‍ദേശങ്ങളോ ലംഘിക്കുന്ന ഒരാളായി താന്‍ ഉണ്ടാകില്ലെന്നും
പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. തോമസ് കെ തോമസിനെതിരായ ആരോപണം പാര്‍ട്ടി കൂട്ടായ ചര്‍ച്ച നടത്തി പരിശോധിക്കും. ഈ വിഷയം വന്നശേഷം തോമസ് കെ തോമസുമായി സംസാരിച്ചിട്ടില്ലെന്നും കുറ്റമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റണി രാജുവിന്റെ വ്യക്തി വൈശിഷ്ട്യത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നത് അനൗചിത്യമാണ്. ഒരാളെ പറ്റിയും കുറ്റം പറയാനാവില്ലെന്നും ആരോപണങ്ങളിലെ ശരിയും തെറ്റും പരിശോധിച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്തകള്‍ക്ക് ബലം നല്‍കുന്ന ഒരു തെളിവും തന്റെ കൈയില്‍ ഇല്ലെന്നായിരുന്നു കോഴവിവാദത്തില്‍ മന്ത്രി വെള്ളിയാഴ്ച ആദ്യപ്രതികരണം നടത്തിയത്.പാര്‍ട്ടിയുടെ എംഎല്‍എ ആയ തോമസ് കെ തോമസിനെ ഇപ്പോള്‍ അവിശ്വസിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.