എം.ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ശരിവെച്ച് മന്ത്രി; കെ.എസ്.ഇ.ബി ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടനാ നേതാവ് എംജി സുരേഷ് കുമാറിന്റെ സസ്പെന്‍ഷന്‍ ഉത്തരവ് ശരിവച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ആരായാലും ചട്ടവും നിയമവും പാലിച്ചേ മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ഇബി ജീവനക്കാരുടെ സമരത്തിന് എതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച നടപടി പുനഃപരിശോധിക്കും. ഇതിനായി ചെയര്‍മാന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിൽ ചെയര്‍മാന് മാത്രമല്ല ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്. ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധം നടത്തുകയാണ്.

കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവ് ലംഘിച്ച് വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹം നടത്തിയതിനെ തുടര്‍ന്ന് എംജി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നടപടി രാഷ്ടീയ പ്രേരിതമാണെന്നാണ് സുരേഷ് കുമാറിന്റെ പ്രതികരണം. ചെയര്‍മാന്‍ ബി അശോകിന്റേത് തന്നിഷ്ടപ്രകാരമുള്ള തീരുമാനം ആണെന്നും, പ്രതികാര നടപടിയാണെന്നും സുരേഷ് ആരോപിച്ചു.

മന്ത്രിയുമായി സംസാരിച്ചുവെന്നും സസ്‌പെന്‍ഷന്‍ സംഘടനാപരമായി നേരിടും.ഓഫീസ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിനല്ല നടപടിയെന്നും സംഘടനകളുമായി ആലോചിച്ച് തുടര്‍ പ്രക്ഷോഭത്തെ കുറിച്ച് തീരുമാനിക്കും എന്നും സുരേഷ് പറഞ്ഞു.