മന്ത്രി ഗണേഷ്‌കുമാര്‍ ഷെറിന്റെ ബെസ്റ്റി; ഗുരുതര ആരോപണവുമായി അബിന്‍ വര്‍ക്കി

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ശിക്ഷായിളവ് വിവാദമായതിന് പിന്നാലെയാണ് ആരോപണം. ഗണേശ് കുമാര്‍ ഷെറിന്റെ ബെസ്റ്ററ്റിയാണെന്ന് സംശയിക്കുന്നതായി അബിന്‍ വര്‍ക്കി പറഞ്ഞു.

പ്രതിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ചെങ്ങന്നൂരിലാണ്. ഷെറിന്റെ ബെസ്റ്റിയായിരുന്നു ഗണേശ് കുമാര്‍ എന്ന് സംശയിക്കപ്പെടുന്ന രീതിയിലാണ് അവരുടെ ശിക്ഷാ ഇളവ് നല്‍കിയിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇത്തരം ക്രിമിനല്‍ കൂട്ടുകെട്ട്. ജയിലില്‍ കിടക്കുന്ന ക്രിമിനലായ ഒരു സ്ത്രീയുമായി കേരളത്തിലെ മന്ത്രിക്കുള്ള ബന്ധമെന്താണെന്നും അബിന്‍ ചോദിച്ചു.

ഈ മന്ത്രി തുടര്‍ച്ചയായി ഷെറിനെ കാണുന്നുവെന്ന് ആരോപണമുയര്‍ന്നിട്ട് അതില്‍ പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഷെറിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ചെങ്ങന്നൂര്‍ ഉണ്ടെന്ന ആരോപണവും അബിന്‍ വര്‍ക്കി ഉന്നയിച്ചു. എന്നാല്‍ അതാരാണെന്ന് വ്യക്തമാക്കാന്‍ അബിന്‍ തയ്യാറായില്ലെങ്കിലും ഒരു മന്ത്രിയാണെന്ന സൂചന നല്‍കി.

ഇവര്‍ രണ്ടുപേരുടെയും ഇടപെടലാണ് പ്രതിയുടെ ശിക്ഷായിളവിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശിപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.