പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടിയെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ. ചിഞ്ചുറാണി. വെറ്റനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിയല്ലെന്നും സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലന്നും മന്ത്രി പറഞ്ഞു. വിസി നടപടി എടുക്കാന്‍ തീരുമാനിക്കും മുമ്പ് ഗവര്‍ണര്‍ ഇടപെടുകയാണ് ഉണ്ടായത്.
ഇത്രയും നടപടിയെടുത്തത് യൂണിവേഴ്‌സിറ്റിയാണ്. വൈസ്ചാന്‍സിലറും ഡീനും അടക്കമുള്ളവരാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോയത്. ആ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു അച്ചടക്ക നടപടി കൊണ്ടുവന്നത്. അതിനോട് ഒരുതരത്തിലും യോജിക്കുന്നില്ലന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണ് സര്‍വകലാശാലയിലുണ്ടായയത്. പൊലീസ് അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സിദ്ധാര്‍ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. കാമ്പസില്‍വച്ച് വിദ്യാര്‍ഥി മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും സര്‍വകലാശാല അധികൃതര്‍ ഇതറിഞ്ഞില്ലെന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതൊരു കൊലപാതകം തന്നെയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍വകലാശാലയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാമ്പസുകളിലെ ഒരു ഹോസ്റ്റല്‍ എസ്എഫ്ഐയുടെ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അധ്യാപകര്‍ അടക്കമുള്ളവര്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത വിധം ഇത് എഫ്ഐയുടെ കോട്ടയായി മാറുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്നാണ് കാമ്പസുകളില്‍ എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നതെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.