കേരളത്തില്‍ ഇതുവരെ കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ ഇനി ഇത് ഉണ്ടാകില്ലെന്ന് പറയാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട ആരെങ്കിലും വൈറസ് വാഹകരായാല്‍, അത് സമൂഹത്തിന് ദോഷം ചെയ്യാം. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ന്യൂമോണിയ, ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. നിലവില്‍ ഇത്തരം കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്ക് ശ്രമിക്കുന്നുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്താല്‍ ആ മേഖലയെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ കോവിഡ് പരിശോധനയ്ക്കുളള ആര്‍എന്‍എ കിറ്റിന്റെ ക്ഷാമം നേരിടുന്നുണ്ട്. ആര്‍എന്‍എ കിറ്റ് ഉപയോഗിച്ചുളള പിസിആര്‍ ടെസ്റ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഫലം കൃത്യമാണ് എന്നതാണ് ഇതിനെ കൂടുതലായി ആശ്രയിക്കാന്‍ കാരണം. എങ്കിലും റിസല്‍ട്ട് വരാന്‍ ഒരു ദിവസം വരെ എടുക്കാം. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മാത്രം 3000 സാമ്പിളുകള്‍ പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇതിന്റെയും ഫലം പുറത്തു വരുമെന്നും മന്ത്രി പറഞ്ഞു
റാപ്പിഡ് ടെസ്റ്റിന് ശ്രമിച്ചിരുന്നു. എന്നാല്‍ പിഴവുകള്‍ കണ്ടെത്തിയതിനാല്‍ ഐസിഎംആറിനെ അറിയിച്ചു. അവരുടെ പരിശോധനയിലും റാപ്പിഡ് ടെസ്റ്റിനുളള കിറ്റുകള്‍ പിഴവുകള്‍ കണ്ടെത്തി. ഇനിയും കിറ്റുകള്‍ അയച്ചുതന്നാല്‍ കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും ശൈലജ പറഞ്ഞു.