മന്ത്രി കെ രാധാകൃഷ്ണന്റെ അതൃപ്തിയെ തുടര്‍ന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ സമ്പത്തിനെ നീക്കി. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മില്‍ ദീര്‍ഘ നാളായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് സമ്പത്തിനെ നീക്കിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സമ്പത്തിന് പകരം കേരളാ ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ നേതാവായിരുന്ന കെ ശിവകുമാറിനെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
മുന്‍ എല്‍ഡിഎഫ് മന്ത്രിസഭ കാലത്ത് മന്ത്രി ടിപി രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ ശിവകുമാര്‍. എ സമ്പത്ത് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നേടിയ സമ്പത്ത് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് മത്സരിച്ച് തോല്‍ക്കുകയായിരുന്നു.
2019ലെ തോല്‍വിയ്ക്ക് ശേഷം സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന എ സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ നിയമിച്ചു. ഡല്‍ഹിയില്‍ 7.26 കോടി രൂപ സര്‍ക്കാര്‍ പണം ചിലവഴിച്ച് പുതിയ നിയമനം നേടിയ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സിപിഎമ്മിനുള്ളിലും സമ്പത്തിന്റെ ഡല്‍ഹിയിലെ നിയമനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് എ സമ്പത്ത് തിരികെ കേരളത്തിലേക്ക് വരുന്നത്. കേരളത്തിലെത്തിയ മുന്‍ എംപി മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതല ഏല്‍ക്കുകയായിരുന്നു. സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ കൂട്ടാക്കാതിരുന്ന സമ്പത്തിനെ 2022ല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്.