കേരളീയം പരിപാടിയിലെ ആദിവാസി പ്രദർശന വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഷോകേസിൽ വെയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
‘ആദിവാസികളെ ഷോക്കേസില്‍ വെക്കാന്‍ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിര്‍ദേശമായി നേരത്തെ നല്‍കിയിരുന്നു. ആദിവാസി വിഭാഗങ്ങള്‍ ഷോക്കേസില്‍ വെക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത- ഭക്ഷണരീതികളേയും കാണിച്ചുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വെക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കും’, കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കേരളീയം ആദിമം ലിവിങ് മ്യൂസിയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയത് വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. സംസ്ഥാനത്തെ വിവിധ ആദിവാസി വിഭാഗങ്ങളെ സർക്കാർ പ്രദർശന വസ്തുവാക്കിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയാണ് ‘ആദിമം’ എന്ന പേരിൽ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയത്. കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവർത്തകരടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തി.
എന്നാല്‍, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികൾ പ്രതികരിച്ചു. ഇതിനിടെ, ലിവിങ് മ്യൂസിയത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകര്‍കരെയാണ് കസ്റ്റഡിയിൽ എടുത്തത്.