ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞ അസംബന്ധങ്ങള്‍ക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ സൈബര്‍ ഇടങ്ങളിലെ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല. കാസര്‍കോട്ട് ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങില്‍ മുരളീധരന്‍ നടത്തിയത് കേന്ദ്രമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്.
അരിക്കൊമ്പന്‍ റോഡ് എന്ന പേരില്‍ അറിയുന്ന മൂന്നാര്‍ ഗ്യാപ്പ് റോഡ് പൂര്‍ത്തീകരിച്ചത് താന്‍ ഫേസ്ബുക്കില്‍ ഇട്ടു എന്നായിരുന്നു പരിഹാസം. ഈ റോഡിന്റെ ഡിപിആര്‍ തയ്യാറാക്കിയത് സംസ്ഥാനസര്‍ക്കാരാണ്. റോഡ്വികസനത്തിന് ഒന്നര ഹെക്ടര്‍ വനഭൂമി ഏറ്റെടുത്ത് നല്‍കിയതും പകരം വനവല്‍ക്കരണത്തിന് ഭൂമി കൈമാറിയതും സംസ്ഥാന സര്‍ക്കാരാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ചത് കേരള പിഡബ്ല്യുഡിക്ക് കീഴിലുള്ള എന്‍എച്ച് വിഭാഗവും. ഈ വസ്തുതകള്‍ കേന്ദ്രമന്ത്രി മനസിലാക്കണമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്രപദ്ധതികളുടെ പ്രചാരകനായി താന്‍ മാറിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലാണ് ചെറുതോണിപ്പാലമടക്കം യാഥാര്‍ഥ്യമാക്കിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് വികസനം നടത്തിയതിനെ ഇനിയും പ്രചരിപ്പിക്കും.
ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്നും റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്. അതിനായി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ രാഷ്ട്രീയവിരോധത്തിന്റെപേരില്‍ ഉത്തരവാദപ്പെട്ടവര്‍ അള്ളുവയ്ക്കരുതെന്നും അദേഹം പറഞ്ഞു.