കേരളത്തില്‍ സമരത്തിന്റെ പേരില്‍ വ്യവസായ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ല; രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സംസ്ഥാനത്ത്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ മന്ത്രി

കേരളത്തെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപ്പാട് തെറ്റാണെന്ന് സംസ്ഥാനത്തിന്റെ വിവിധ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടായി കേരളത്തില്‍ സമരത്തിന്റെ പേരില്‍ വ്യവസായ കേന്ദ്രങ്ങള്‍ ഒന്നും ആക്രമിക്കപ്പെട്ടിട്ടില്ല.

ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ നാം കൊച്ചു സംസ്ഥാനം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ വിവിധ മേഖലകളിലെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ കേരളം വലിയ സംസ്ഥാനമാണെന്ന് വ്യക്തമാകും. രാജ്യത്ത് ഏറ്റവും അധികം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേരളത്തിലാണുള്ളത്. വന്‍ നേട്ടങ്ങള്‍ കൊയ്ത വിവിധ വ്യവസായങ്ങളും കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ നിര്‍ണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തിലൂടെ കേരളത്തെ വ്യാപാരത്തിന്റേയും ഉത്പാദനത്തിന്റേയും ആഗോള ഹബ് ആക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറും. ഇതിനായി സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വരും ദിനങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിര്‍ണായകമാണ്. തെക്കേ ഏഷ്യയിലെ സവിശേഷമായ തുറമുഖമാണ് വിഴിഞ്ഞം. മറ്റു തുറമുഖങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത പ്രത്യേകതകള്‍ വിഴിഞ്ഞത്തിനുണ്ട്.

വിഴിഞ്ഞത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം ട്രാന്‍ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടക്കും. നിലവില്‍ ദുബായ്, കൊളംബോ തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് ഇത് നടക്കുന്നത്. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുമായി സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കം നടത്തുന്നതിനുള്ള നടപടികളുണ്ടാവും. അഴീക്കലില്‍ പുതിയ തുറമുഖത്തിന്റെ പണി നടക്കുകയാണ്.

കിഫ്ബി സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ ഇന്‍ഡസ്ട്രിയല്‍ ട്രയാംഗിള്‍ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി വ്യത്യസ്ത വ്യവസായങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.