മലയാള മനോരമ പത്രത്തിനെതിരെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പത്രം നല്‍കിയ ‘ഫാക്ടറി വേണ്ട, കച്ചവടം മതിയെന്ന’ വാര്‍ത്തക്കെതിരെയാണ് മന്ത്രി രംഗത്തുവന്നത്. നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം പരിശീലിപ്പിക്കാനായി ഒരു ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണെങ്കില്‍ അതിന്റെ മേധാവിയാക്കാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു ലേഖകനേയും അദ്ദേഹത്തിന്റെ വാര്‍ത്തയും ഇന്ന് കാണാനിടയായി. ഫാക്ടറി വേണ്ട, കച്ചവടം മതിയെന്നാണ് ലേഖകന്റെ വാര്‍ത്തയുടെ തലക്കെട്ട്.
ഏതാനും ദിവസം മുന്‍പുള്ള ഇതേ ലേഖകന്റെ മറ്റൊരു വാര്‍ത്തയും നെഗറ്റീവ് റിപ്പോര്‍ട്ടിംഗിനുള്ള സമാന പാഠമെന്ന നിലയില്‍ മനസിലുടക്കിയിരുന്നു. അന്ന് അദ്ദേഹം ടൊനിനോ ലംബോര്‍ഗിനിയുമായി നടത്തിയ അഭിമുഖമാണ് പ്രസിദ്ധീകരിച്ചത്. ‘ഇറ്റലിയിലും ഒരുപാട് കായലും കനാലുമില്ലേ? പിന്നെ ഇവിടെ എന്ത് കാണാന്‍’? – ഒരു ആഗോള വ്യവസായ പ്രമുഖന്‍ കേരളത്തിലെത്തിയപ്പോള്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം!. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നത് ചില മാധ്യമ സ്ഥാപനങ്ങളുടെ സ്ഥായിയായ മനോഭാവമാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം പരിശീലിപ്പിക്കാനായി ഒരു ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണെങ്കില്‍ അതിന്റെ മേധാവിയാക്കാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു ലേഖകനേയും അദ്ദേഹത്തിന്റെ വാര്‍ത്തയും ഇന്ന് കാണാനിടയായി. ഫാക്ടറി വേണ്ട, കച്ചവടം മതിയെന്നാണ് ലേഖകന്റെ വാര്‍ത്തയുടെ തലക്കെട്ട്.
ഏതാനും ദിവസം മുന്‍പുള്ള ഇതേ ലേഖകന്റെ മറ്റൊരു വാര്‍ത്തയും നെഗറ്റീവ് റിപ്പോര്‍ട്ടിംഗിനുള്ള സമാന പാഠമെന്ന നിലയില്‍ മനസിലുടക്കിയിരുന്നു.
അന്ന് അദ്ദേഹം ടൊനിനോ ലംബോര്‍ഗിനിയുമായി നടത്തിയ അഭിമുഖമാണ് പ്രസിദ്ധീകരിച്ചത്.
‘ഇറ്റലിയിലും ഒരുപാട് കായലും കനാലുമില്ലേ? പിന്നെ ഇവിടെ എന്ത് കാണാന്‍’? – ഒരു ആഗോള വ്യവസായ പ്രമുഖന്‍ കേരളത്തിലെത്തിയപ്പോള്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം!. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നത് ചില മാധ്യമ സ്ഥാപനങ്ങളുടെ സ്ഥായിയായ മനോഭാവമാണ്. മണിച്ചിത്രത്താഴിലെ തിലകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഇറ്റ്‌സ് ഇന്‍ക്യൂറബിള്‍’.
ഇന്നത്തെ വാര്‍ത്തയില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു, 1,17,097 സംരംഭങ്ങളില്‍ ഫാക്ടറി ഉല്‍പാദന രംഗത്തുള്ളത് 14370 മാത്രം!. 8 മാസം കൊണ്ട് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ച വലിയ നേട്ടത്തെയാണ് ഇപ്രകാരം ചെറുതാക്കുന്നത്. അതൊരു പ്രധാനപ്പെട്ട കാര്യമാണെന്ന് അവര്‍ക്ക് തോന്നുന്നേയില്ല. ഉണ്ടായത് 7100 കോടി രൂപയുടെ നിക്ഷേപം ‘മാത്ര’ മെന്ന് പത്രം പരിതപിക്കുന്നു.
എട്ടോ ഒന്‍പതോ മാസത്തിനുള്ളില്‍ ഇത്രയും നിക്ഷേപം ഉണ്ടായി എന്നൊക്കെ കേള്‍ക്കുന്ന ഒരു സാധാരണക്കാരന് നമ്മുടെ നാടിനെക്കുറിച്ച് അഭിമാനമാണ് ഉണ്ടാവുക. ചെറുകിട മേഖലയില്‍ ഏറ്റവും ചുരുങ്ങിയ കാലയളവിലുണ്ടായ വലിയ നിക്ഷേപമാണിത്. ഈ നേട്ടത്തെ, നേര്‍ വിപരീത ദിശയില്‍ അവതരിപ്പിക്കുന്നവരെക്കുറിച്ച് ആശങ്ക രേഖപ്പെടുത്താനേ കഴിയൂ. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന് ബഹു. പ്രധാനമന്ത്രി പങ്കെടുത്ത് ചേര്‍ന്ന ചീഫ് സെക്രട്ടറിമാരുടെ യോഗം വിലയിരുത്തിയ പദ്ധതിയെക്കുറിച്ചാണ് ഇതെന്നും ഓര്‍ക്കണം.
മാനുഫാക്ചറിങ്ങ് രംഗത്ത് 8 മാസം കൊണ്ട് ‘കേവലം 14570 സംരംഭങ്ങളാണ്’ ആരംഭിച്ചതെന്ന് പറയുന്ന പത്രം ഇതിലൂടെ കേരളത്തിലെത്തിയത് ‘ആകെ 1053 കോടി രൂപയുടെ നിക്ഷേപം’ ആണെന്നും പറയുന്നു. സത്യത്തില്‍ കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ വലിയ കണക്കുകളായിട്ടുകൂടി വളരെ ചെറിയ ഒരു കാര്യമെന്ന രീതിയില്‍ അവതരിപ്പിക്കാനാണ് പത്രം ശ്രമിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 1,21,525 സംരംഭങ്ങളാണ് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആരംഭിച്ചത്. വരുന്ന മാര്‍ച്ച് മാസത്തിനുള്ളില്‍ 1 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും 8 മാസം കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ പദ്ധതിയാണിത്. ഇതില്‍ 33% കച്ചവട സംരംഭങ്ങളാണെന്നാണ് ലേഖകന്‍ ആശങ്കപ്പെടുന്നത്. ദേശീയ ശരാശരി നമുക്കൊന്ന് പരിശോധിക്കാം.
കേന്ദ്ര MSME മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ദേശീയാടിസ്ഥാനത്തില്‍ ട്രേഡ് വിഭാഗത്തില്‍ വരുന്ന സംരംഭങ്ങളുടെ എണ്ണം 36% ആണ്. സംരംഭക വര്‍ഷം പദ്ധതിയില്‍ അത് 33% വും. ഇനി ട്രേഡ് രംഗം മാറ്റി നിര്‍ത്തിയാല്‍ തന്നെ 65920 സംരംഭങ്ങള്‍ കേരളത്തില്‍ മറ്റ് മേഖലകളിലായി ഈ സാമ്പത്തികവര്‍ഷം രൂപീകരിക്കപ്പെട്ടു. മാനുഫാക്ചറിംഗ്, ഭക്ഷ്യ സംസ്‌കരണം, ഗാര്‍മെന്റ്‌സ് & ടെക്സ്റ്റല്‍സ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, പേഴ്‌സണല്‍ കെയര്‍ പ്രൊഡക്ട്‌സ്, ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷന്‍ & ആര്‍ക്കിടെക്ചര്‍, എന്റര്‍ടൈന്‍മെന്റ്, സര്‍വ്വീസ് മേഖലകളിലായാണിവ. ഇത് പത്രത്തിനോ ലേഖകനോ ശ്രദ്ധേയമായി തോന്നുന്നില്ല! രാജ്യത്തിന്റെ എന്ന പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും മാനുഫാക്ചറിംഗ് ഇതര മേഖലകള്‍ക്ക് വമ്പിച്ച പ്രാധാന്യമാണുള്ളത്. സ്വന്തം സംരംഭങ്ങളുടെ വിപണി സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഓരോ സംരംഭകനും ഇറങ്ങിത്തിരിക്കുന്നത്. അവരെ കുറച്ചു കാണാതിരിക്കുക.
കേരളത്തിന്റെ വ്യവസായ മേഖലയിലുണ്ടാവുന്ന നല്ല ചലനങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്യേണ്ടത് ? അത്തരം വാര്‍ത്തകള്‍ തമസ്‌കരിച്ച് കടുക് മണിയോളം പോന്ന സംഗതികള്‍ ഇതുപോലെ പൊലിപ്പിക്കുമ്പോള്‍ ഭാവി സമൂഹത്തോടാണ് ഉത്തരം പറയേണ്ടി വരിക. 25 ലക്ഷം രൂപയുടെ ഇന്നോവ കാര്‍ ഈ സര്‍ക്കാര്‍ വാങ്ങുകയാണെങ്കില്‍ ആ 25 ലക്ഷത്തിന് 25 കോടി രൂപയുടെ മൂല്യം നല്‍കും വിധത്തില്‍ വാര്‍ത്ത നല്‍കുന്ന പത്രമാണ് 1053 കോടി രൂപയുടെ നിക്ഷേപം മാനുഫാക്ചറിങ്ങ് രംഗത്ത് ഉണ്ടായത് ചെറിയ കാര്യമായി ചിത്രീകരിക്കുന്നത്.
എന്തായാലും കേരളത്തിന് ദേശീയതലത്തില്‍ അംഗീകാരം കിട്ടിയപ്പോള്‍ ‘ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചു എന്ന് വ്യവസായമന്ത്രി അവകാശപ്പെട്ടു’ എന്നെഴുതിയവര്‍ ഇന്ന് ഒരു നെഗറ്റീവ് വാര്‍ത്ത എഴുതാന്‍ വേണ്ടിയെങ്കിലും ‘സംരംഭക വര്‍ഷം പദ്ധതിയിലൂടെ ലക്ഷത്തിലേറെ സംരംഭങ്ങള്‍ നിലവില്‍ വന്നു’ എന്ന് സമ്മതിച്ചല്ലോ,