പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും മുഖം തിരിച്ച് ഇരുന്ന സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. ഗവർണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കു നേരെ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവർണർ ചാടിയിറങ്ങിപ്പോയി. ഇന്നലെ നടന്ന ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കാതിരിക്കുകയും അഭിവാദ്യം ചെയ്യാതിരിക്കുകയുമായിരുന്നു. രാജ്ഭവൻ ഒരുക്കിയ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല.
ആതിഥേയ സംസ്കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണർ ആണ്. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം പക്ഷേ ഗവർണർക്ക് യോജിച്ചതല്ലെന്നും, ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സാമാന്യ മര്യാദ പാലിച്ചില്ലെന്നും മന്ത്രി വി എൻ വാസവൻ കുറ്റപ്പെടുത്തി.മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് ഗവർണർ-സർക്കാർ പോരിന്റെ നേർക്കാഴ്ചയുണ്ടായത്.
Read more
പുനസംഘടനയുടെ ഭാഗമായി വി എൻ വാസവനാണ് തുറമുഖ വകുപ്പ് ലഭിച്ചത്. പുതിയ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ മുന്നിൽ നിന്നുള്ള നിർദേശപ്രകാരം നിറവേറ്റുമെന്ന് വി എൻ വാസവൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുമെന്നും വിഎൻ വാസവൻ പറഞ്ഞു. യുഡിഎഫിനെ വിമർശിച്ചും മന്ത്രി പ്രതികരിച്ചു. പക്വതയില്ലാത്ത നേതൃത്വത്തിന്റെ അഭാവമാണ് യുഡിഎഫ് നേരിടുന്നത് . പ്രതിപക്ഷം എത്രകണ്ട് ബഹിഷ്കരിച്ചാലും ജനങ്ങൾ ഓടിയടുക്കും. ജനങ്ങൾ പ്രതിപക്ഷത്തെ ബഹിഷ്കരിച്ചു. യുഡിഎഫിലെ ഉന്നത നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുത്തുവെന്നും വി എൻ വാസവൻ പറഞ്ഞു.