‘റോഡിലെ ചൂടിന് സോഡാ നാരങ്ങാ ബെസ്റ്റാ’;ഗവര്‍ണര്‍ സ്വന്തം പദവി മറന്ന് ഷോ കാണിക്കുന്നു, പരിഹസിച്ച് വി ശിവൻകുട്ടി

തനിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ റോഡിന് നടുവിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി.റോഡിലെ ചൂടിന് സോഡാ നാരങ്ങാ ബെസ്റ്റാ എന്ന ഒരു ഒറ്റവരി പോസ്റ്റിലൂടെയാണ് വി ശിവന്‍കുട്ടി പ്രതികരിച്ചത്. സോഡാ നാരങ്ങയുടെ ചിത്രവും ഈ ഒറ്റവരിയും മാത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ പരോക്ഷ പരിഹാസം.

രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെയാണ് പരിഹാസമെന്ന് വ്യക്തമാണ്. ഗവര്‍ണറുടെ പ്രതിഷേധത്തെ മറ്റൊരു ഗവര്‍ണറും കാണിക്കാത്ത വെറും ഷോയെന്ന് വിളിച്ച് പരിഹസിച്ചാണ് വി ശിവന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ഗവര്‍ണര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. സമരങ്ങളും പ്രതിഷേധവും സ്വാഭാവികമാണ്. അത് നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇതെല്ലാം മറികടന്ന് ഗവര്‍ണര്‍ സ്വന്തം പദവി മറന്ന് ഷോ കാണിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

Read more

കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.