മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചു; മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറി

തുറമുഖവകുപ്പ് മന്ത്രി ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിസമർപ്പിച്ചത്.

ഇടതു മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. പൂർണ്ണ സംതൃപ്തിയോടെയാണ് കാലാവധി പൂർത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കെഎസ്ആർടിസി ശമ്പള കുടിശിക പൂർണമായും കൊടുത്ത് തീർത്തെന്ന സന്തോഷത്തോടെയാണ് രാജി വെക്കുന്നതെന്ന് ആന്റണി രാജു പറഞ്ഞു.

മന്ത്രി സഭാ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക യോഗം ഇന്ന് ചേരുന്നതിനിടെയാണ് അഹമ്മദ് ദേവര്‍കോവില്‍ കത്ത് കൈമാറിയത്. കെബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ പുനഃസംഘടന. 29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്. കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പുമാണ് ഏറ്റെടുക്കുക.