മന്ത്രിസഭാ ഉപസമിതി ഇന്ന് നീലക്കുറുഞ്ഞി ഉദ്യാനത്തിലെത്തും; പ്രദേശ വാസികളുമായി ചര്‍ച്ച നടത്തും

കൈയേറ്റങ്ങള്‍ നടന്നുവെന്ന് പറയപ്പെടുന്ന നീലക്കുറുഞ്ഞി ഉദ്യാനത്തില്‍ ഇന്ന് മന്ത്രിസഭാ ഉപസമിതി സന്ദര്‍ശനം നടത്തും. വട്ടവടയിലെ നിര്‍ദിഷ്ട നീല കുറിഞ്ഞി ഉദ്യാനമാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍,വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, എന്നിവരുടെ നേതൃത്വത്തിലുള്‌ല സംഘം സന്ദര്‍ശിക്കുന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെ സംഘം മൂന്നാറില്‍ നിന്ന് തിരിക്കും. 11.30ഓടെ വട്ടവടയില്‍ സന്ദര്‍ശനം ആരംഭിക്കും. നാളെയാകും പ്രദേശ വാസികളുമായുള്ള ചര്‍ച്ച നടത്തുക. എതിര്‍പ്പുകള്‍ പരിഹരിച്ച് സര്‍വേ നടത്തി ദേശീയോദ്യാനം പൂര്‍ണതോതില്‍ സംരക്ഷിക്കകയാണ് സമിതിയുടെ ലക്ഷ്യം.

അതേസമയം, കൊട്ടക്കാമ്പൂരിലെ ഭൂമി സംഘം സന്ദര്‍ശിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കൊട്ടക്കാമ്പൂരിലെ ബ്ലോക്ക് 58ഉം 62ഉം ആണ് കുറിഞ്ഞി ഉദ്യാനമായി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് സമീപമായാണ് പട്ടയം റദ്ദാക്കിയ ജോയസ് ജോര്‍ജ് എംപിയുടെ ഭൂമിയുള്ളത്. അതേസമയം, ബ്ലോക്ക് 58ല്‍ ഉപസമിതി സന്ദര്‍ശനം നടത്താതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസം സംഘം ഇവിടെയുണ്ടാകും. ദേവികുളം സബ് കളക്ടര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങി റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ടാകും. ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്, ജില്ലയിലെ എംഎല്‍എമാര്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.