പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെയും യുഡിഎഫ് കാസര്‍ഗോഡ് കണ്‍വീനര്‍ കമറുദ്ദീന്റെയും വാദം ഹൈക്കോടതി തള്ളി. ഹര്‍ത്താലിനു മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന കോടതി ഉത്തരവ് അറിവില്ലായിരുന്നെന്നും കേസില്‍ കക്ഷിയല്ലായിരുന്നു എന്നുമുള്ള വാദമാണ് കോടതി തള്ളിയത്. പൊതു താത്പര്യ ഹര്‍ജിയില്‍ കോടതി പുറപ്പെടുവിക്കുന്ന ഏതൊരു ഉത്തരവും അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം അറിവില്ലെന്നു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഏതു ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടിസ് നല്‍കിയിരിക്കണം. നോട്ടിസ് നല്‍കുന്നതു ഹര്‍ത്താലില്‍ അക്രമം നടത്താനുളള അനുമതിയല്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും ജനാധിപത്യപരമായ അവകാശമുണ്ട്. അത് സുപ്രീം കോടതിയും അംഗീകരിച്ചതാണ്. എന്നാല്‍ മറ്റുള്ളവരും പ്രതിഷേധത്തില്‍ പങ്കു ചേരണമെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശത്തെ നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സമാധാനപരമായ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തതെന്നും ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദിയല്ലെന്നും ഡീന്‍ കുര്യാക്കോസ് കോടതിയില്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ഭാരവാഹികള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരു ഹര്‍ത്താല്‍ നടത്തി എന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നതിലൂടെ മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതാണു പ്രശ്‌നമെന്നും കേരളത്തില്‍ ഹര്‍ത്താലുകളില്‍ അക്രമം പതിവായെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനോട് അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതു കോടതി പതിനെട്ടിലേക്ക് മാറ്റി.