ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി

വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തി. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്. വയനാട്ടിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള പ്രസംഗം.

ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. വയനാടിന്റെ സ്നേഹത്തിന് കടപ്പാടുണ്ടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക വയനാട്ടിലെത്തിയപ്പോൾ ത്രേസ്യയെ കണ്ട അനുഭവവും പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

വയനാട്ടിൽ മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു.

മണിപ്പൂരിൽ ഉൾപ്പടെ ന്യുനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കൻ ആണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ല. കർഷകരോട് അനുതാപം ഇല്ലാത്ത സർക്കാരാണുള്ളത്. ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. വയനാട്ടിനു മെഡിക്കൽ കോളേജ് വേണം എന്നത് എനിക്കറിയാം, പലരും പറഞ്ഞു. എന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.