ന്യൂനപക്ഷ സംരക്ഷണം സിപിഎമ്മിന്റെ പ്രധാന അജന്‍ഡ; ഹിന്ദുക്കളുടെ ഇടയില്‍ പ്രീണനമെന്ന് ബിജെപി തെറ്റിദ്ധാരണ ഉണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് ഗോവിന്ദന്‍

ന്യൂനപക്ഷ സംരക്ഷണം സിപിഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജന്‍ഡയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത് പ്രീണനമാണെന്നു പറഞ്ഞ് ഹിന്ദുക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തില്‍ നടത്തുകയാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള പ്രശ്നമാണ്. തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ സൗകര്യമൊരുക്കിയത് കോണ്‍ഗ്രസാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ നോക്കിയല്ല ജനം വോട്ട് ചെയ്തത്. ബിജെപിക്ക് ബദലാകാന്‍ സാധിക്കുന്നത് കോണ്‍ഗ്രസിനാണെന്ന ധാരണ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവരെയും ന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു.

എന്നാല്‍, മലബാര്‍ മേഖലയില്‍ രാഷ്ട്രീയ വോട്ടിനപ്പുറം വര്‍ഗീയ കൂട്ടുകെട്ട് രൂപപ്പെട്ടു. എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും യുഡിഎഫിന്റെ ഘടകകക്ഷികളെപ്പോലെ പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ആസൂത്രിതമായ പ്രചാരവേല സംഘടിപ്പിച്ചു. ഇത് ദൂരവ്യാപകമായ ഫലമുളവാക്കുന്ന ഒന്നാണ്. ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വോട്ടെല്ലാം തിരിച്ചുവരും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ലതുപോലെ നമുക്ക് മുന്നേറാനാകും.

Read more

വര്‍ഗീയത പറഞ്ഞ് ബിജെപിക്ക് അല്‍പ്പസ്വല്‍പ്പം മുന്നേറാന്‍ കഴിഞ്ഞു. ഇത് ഗൗരവത്തില്‍ കാണണം. കോണ്‍ഗ്രസ് ശരിയായ നിലപാട് സ്വീകരിക്കുകയും സംഘടനാ ഉള്‍ക്കരുത്തില്ലായ്മ പരിഹരിക്കുകയും ചെയ്തിരുന്നെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരില്ലായിരുന്നു. രണ്ടു ശതമാനം വോട്ടുകൂടി നേടാനായിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.