ദുരിതാശ്വാസ നിധി വകമാറ്റല്‍; പരാതിക്കാരന്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ലോകായുക്ത, റിവ്യു ഹര്‍ജി പരിഗണിക്കുന്നത് നാളെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപിച്ചുള്ള കേസിലെ ഭിന്നവിധിക്കെതിരായുള്ള റിവ്യു ഹര്‍ജി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത. ഹര്‍ജിക്കാരന്‍ ടിവിയില്‍ നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപ ലോകായുക്ത പറഞ്ഞു. ശശികുമാര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്നയാള്‍. വഴിയില്‍ പേപ്പട്ടിയെ കണ്ടാല്‍ ഒഴിഞ്ഞുപോവുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ആള്‍ക്കൂട്ട അധിക്ഷേപം നടത്താനാണ് ശ്രമമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

ലോകായുക്തയെ പരാതിക്കാരന് വിശ്വാസമില്ലെങ്കില്‍ കേസ് പരിഗണിക്കുന്നത് എന്തിനാണെന്നും ചോദ്യമുയര്‍ന്നു. മറുപടിയായി താന്‍ വിമര്‍ശിച്ചത് ജഡ്ജിമാരെയല്ല വിധിയെ ആണെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ വ്യക്തമാക്കി.

പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ച് ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസിലെ റിവ്യു ഹര്‍ജ്ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരെയാണ് ഹര്‍ജി. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമാണ് കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജി ആവശ്യപ്പെടുന്നത്.

വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.