മലപ്പുറത്ത് നിന്ന് കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പൂനെയില്‍ നിന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കേരള പൊലീസിന് കൈമാറി. ഇരുവരെയും ശനിയാഴ്ച ഉച്ചയോടെ താനൂരിലെത്തും. പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും കണ്ടെത്തിയത്.
ആര്‍പിഎഫ് ആണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കേരള പൊലീസും റെയില്‍വേ പൊലീസും സംയുക്തമായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. നേരത്തെ പൂനയ്ക്ക് അടുത്തുള്ള സലൂണിലെത്തി പെണ്‍കുട്ടികള്‍ മുടി മുറിച്ചതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ 205 രൂപ മാത്രം കൈയിലുണ്ടായിരുന്ന കുട്ടികള്‍ എങ്ങനെയാണ് സലൂണില്‍ പണം നല്‍കിയത് എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. കുട്ടികളെ തിരികെയെത്തിച്ചതിന് ശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമെന്നും കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുമെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.
ബുധനാഴ്ച സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.
പെണ്‍കുട്ടികള്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവര്‍ക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി.
Read more
സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതാണെന്ന് ആദ്യം പറഞ്ഞ വിദ്യാര്‍ത്ഥിനികള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പിന്നീട് പറഞ്ഞതെന്ന് മുംബൈയിലെ ലാസ്യ സലൂണ്‍ ഉടമ ലൂസി പ്രിന്‍സ് പറയുന്നത്. പെണ്‍കുട്ടികളുടെ കൈവശം ഏറെ പണമുണ്ടായിരുന്നതായും ലൂസി പറഞ്ഞു. ലൂസിയുടെ സലൂണില്‍ ഇന്നലെ വൈകിട്ട് പെണ്‍കുട്ടികള്‍ മുടി ഡ്രസ്സ് ചെയ്യാന്‍ കയറിയിരുന്നു. ഇവരെ കൊണ്ടുപോകാന്‍ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവര്‍ അവിടെ നിന്ന് കടന്നുകളഞ്ഞു.