പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇടത് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. കേവലം ഇടതുപക്ഷ മനസ്സുള്ള ആളുകൾ മാത്രമല്ല പാർട്ടിയിലെ മുൻ പാർലമെൻറ് അംഗമായ ശ്രീ.എം.ബി.രാജേഷിനെ പോലെയുള്ള യുവ നേതാക്കൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മുനീർ കത്തിൽ ചൂണ്ടിക്കാട്ടി.
എം.കെ മുനീര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ പൂര്‍ണരൂപം
ഈ വിഷമ ഘട്ടത്തിലും ഈ പരാതി അങ്ങേക്ക് എഴുതേണ്ടി വന്നതിൽ ഖേദമുണ്ട്. ഈ ദുരന്ത കാലത്ത് ഒരു ഭിന്ന സ്വരമോ രാഷ്ട്രീയമായ വേർതിരുവോ ഉണ്ടാകരുതെന്ന് മറ്റാരേക്കാളും ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് അങ്ങ് നൽകുന്ന നിർദ്ദേശങ്ങളും നിബന്ധനകളും അംഗീകരിക്കുകയും അത് നടപ്പിൽ വരുത്തുന്നതിന് മുന്നിട്ടിറങ്ങി നിന്നു പ്രവർത്തിക്കുകയും ചെയ്തു പോരുന്നത്. സർക്കാർ ഇത്തരുണത്തിൽ നടപ്പിലാക്കേണ്ടത് സംബന്ധിച്ച് അങ്ങയുടെ ഓഫീസിലേക്ക് ആവശ്യമായ നിവേദനങ്ങളും ദിനംപ്രതി നൽകി പോരുന്നുണ്ട്.
എന്നാൽ കേരളത്തിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്മാർ എന്ന നിലയിൽ എന്നെയും പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയെയും ഒക്കെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും രാഷ്ട്രീയം പറയുന്നതിനും സാമൂഹിക മാധ്യമങ്ങളെയും സൈബർ സ്പേസും വിനിയോഗിക്കപ്പെടുന്നു എന്നത് വേദനാജനകമാണ്.
രാഷ്ട്രീയ കിടമത്സരത്തിനുള്ള സമയമല്ല ഇതെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ഇത്തരം സൈബർ ആക്രമണങ്ങളെ ഞങ്ങൾ തുടക്കംമുതൽ അവഗണിച്ചു വന്നത്. എന്നാൽ ഓരോ ദിവസം കഴിയുംതോറും സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ പുതിയ വീഡിയോകൾ അടക്കം ഞങ്ങളുടെ പ്രസംഗങ്ങളിൽ ചെറിയൊരു ഭാഗം പോലും അടർത്തിയെടുത്ത് തെറ്റായ വ്യാഖ്യാനങ്ങൾ നൽകി മാധ്യമപ്രവർത്തകരുടെ ശബ്ദം പോലും അനുകരിച്ചുകൊണ്ട് അവമതിപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ ഇടതുപക്ഷ പ്രവർത്തകർ അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത്തരം ആളുകൾ ഇനി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം പോലും ഇത്തരം വീഡിയോകളിൽ കാണാം.
രാഷ്ട്രീയം പറയേണ്ട സന്ദർഭം അല്ല എന്ന് അങ്ങ് പറയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ റിഹേഴ്സൽ തിരശ്ശീലയ്ക്ക് പിറകിൽ നടത്തുന്നത് കേരളത്തിലെ പ്രതിപക്ഷം അല്ല എന്ന് വിനയപുരസരം ചൂണ്ടിക്കാട്ടട്ടെ. ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരോടൊപ്പം തോളോടുതോൾ ചേർന്നു നിന്നാണ് പലസ്ഥലങ്ങളിലും യുവജന സംഘടനാ പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
സന്നദ്ധം എന്നപേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുന്നു എന്ന് അങ്ങ് പറഞ്ഞപ്പോഴും രാഷ്ട്രീയം നോക്കിയല്ല യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ.ഷാഫി പറമ്പിലും യൂത്ത് ലീഗ് നേതാവ് ശ്രീ.പി.കെ.ഫിറോസും യുവാക്കളോട് മുന്നിട്ടിറങ്ങാൻ ആഹ്വാനം ചെയ്തത്.
2020 മാർച്ച് 13 നു നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചർച്ചചെയ്യുന്നതിനും നമുക്ക് കഴിഞ്ഞിരുന്നല്ലോ. എൻറെ 23 മിനിറ്റ് നീളുന്ന പ്രസംഗം രാഷ്ട്രീയം പറയാനാണോ ഞാൻ ഉപയോഗിച്ചിട്ടുള്ളത് എന്ന് ആ സഭയിൽ ഹാജരായ അങ്ങേയ്ക്ക് ബോധ്യമുള്ളതാണെന്ന് വിശ്വസിക്കുന്നു.
എൻറെ നിയമസഭാ പ്രസംഗത്തിലെ ഒരു വരി പോലും എനിക്ക് മാറ്റേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല. അത്ര ശ്രദ്ധയോടെയും ഉത്തരവാദിത്വബോധത്തോടെയുമാണ് ഞാൻ പ്രസംഗിച്ചിട്ടുള്ളത്. സാന്ദർഭികമായി അതിലെ ഒരു വരിയുടെ ഭാഗം അടർത്തിയെടുത്ത് അതിൻറെ നേർവിപരീതമായ സന്ദേശം പ്രചരിപ്പിക്കുന്നത് മൂലം ഉണ്ടാക്കാവുന്ന തെറ്റിദ്ധാരണയാണ് ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് പ്രസംഗത്തിലുടനീളം കോവിഡിന്റെ വെല്ലുവിളികളെ കുറിച്ചും നമ്മുടെ നാട്ടിൽ ഉണ്ടാകുവാൻ സാധ്യതയുള്ള വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പുമാണ് നൽകിയിട്ടുള്ളത്. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി അടക്കം എൻറെ വാക്കുകൾക്കു നൽകിയിട്ടുള്ള അംഗീകാരം മറുപടി പ്രസംഗത്തിൽ സഭ ശ്രവിച്ചതും ആണ്
ഈ രോഗത്തെ കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും ഇനി നാം എന്ത് ചെയ്യണമെന്ന നിർദേശവുമല്ലേ ആ സഭയിൽ ഉന്നയിച്ചത്?.പ്രസ്തുത പ്രസംഗത്തിലെ ഒരു ചെറിയവരി മുറിച്ചെടുത്തു വ്യാജ പ്രചരണം നടത്തുന്നത് ഈ കാലത്തിനും യോജിച്ചതാണോ എന്ന് അങ്ങ് പരിശോധിക്കുമല്ലോ.
കേവലം ഇടതുപക്ഷ മനസ്സുള്ള ആളുകൾ മാത്രമല്ല അങ്ങയുടെ പാർട്ടിയിലെ മുൻ പാർലമെൻറ് അംഗമായ ശ്രീ.എം.ബി.രാജേഷിനെ പോലെയുള്ള യുവ നേതാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണത്തിന് നേതൃത്വം നൽകുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഇതിൽ രാഷ്ട്രീയം പറയാനുള്ള അവസരമായി വിനിയോഗിക്കപ്പെടുന്നു എന്നു തന്നെയാണ്.
ശ്രീ.എം.ബി.രാജേഷ് മാർച്ച് 26, 10:53 നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന – “ഒന്നുംകൂട്ടി ചേർക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷവും………………. എന്ന് തുടങ്ങി അവർ മത്സരിച്ച അടിച്ചുകൂട്ടിയ സെൽഫ് ഗോളുകൾ” എന്ന വീഡിയോയും വാട്സാപ്പിലൂടെ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചിത്രം വച്ചു ഇറങ്ങിയിരിക്കുന്ന വീഡിയോയും ഒക്കെ T21 എന്ന് മുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഓരോ വീഡിയോയിലും രാഷ്ട്രീയമായ മുൾമുനയോടെ ലീഗുകാരനെന്നും കോൺഗ്രസ്സുകാരനായ ഒരു മുൻ ജനപ്രതിനിധിയെന്നുമൊക്കെ പച്ചയായി പറഞ്ഞു രാഷ്ട്രീയം പറയുന്നത് അഭികാമ്യം ആണോ?
ആ വീഡിയോയിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി കാണുന്നു. സാമൂഹ്യ ഉത്തരവാദിത്വമോ സാമൂഹ്യ ബോധമോ തൊട്ടുതെറിച്ചിട്ടില്ലാത്തവർ ഇനിയും കേരളത്തിലുണ്ട് എന്ന് ഇത്തരം വീഡിയോ നിർമ്മിച്ചു പ്രചരിപ്പിക്കുന്നവരിലൂടെ നമുക്ക് ഉറപ്പിക്കാൻ കഴിയും. പ്രതിപക്ഷ നേതാവിന്റെയും എൻറെയും പ്രസംഗങ്ങളിലെ വാക്കുകൾ അടർത്തിമാറ്റി രാഷ്ട്രീയം പറയുന്ന ഈ കാലഘട്ടത്തിൽ ഇനിയും തിരഞ്ഞെടുപ്പുകളിൽ ഞങ്ങളെ ജയിപ്പിക്കണോ എന്ന ചോദ്യം ഉന്നയിക്കുന്നവരോട് നമുക്ക് ആർക്കൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തന്നെ കഴിയുമെന്ന ചിന്തയാണ് സർ എനിക്കുള്ളത്.
നമ്മുടെ ജനതയ്ക്ക് ഒന്നിനും ഒരു കുറവും വരാതെ നോക്കാനുള്ള സമയമാണിത്. ഇനി കൂടുതൽ പേർക്ക് രോഗം വരാതെ നോക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് നമ്മൾ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ എന്ന നിലയിൽ ഞങ്ങളെ അധിക്ഷേപിക്കുന്ന സൈബർ ആക്രമണങ്ങൾക്ക് അങ്ങ് നടപടി സ്വീകരിക്കുമെങ്കിൽ ഏറ്റവും മഹനീയം എന്ന് കരുതുന്നു.
Read more
അങ്ങ് ഇക്കാര്യത്തിൽ സുശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു. ഇതൊക്കെയാണെങ്കിലും വിമർശനങ്ങൾ ഏത് കോണിൽ നിന്ന് ഉണ്ടായാലും കോവിഡ് വിഷയത്തിൽ ഒരുമിച്ചുള്ള പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമാണ് എന്ന് പറയാൻ ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.