തൃക്കാക്കര എംഎൽഎ ഉമ തോമസിന് കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്ക്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്.
ഇരുപത്തിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺക്രീറ്റിൽ തലയിടിച്ച് പരിക്ക് പറ്റിയതായി പ്രാഥമിക നിഗമനം. താത്കാലികമായി നിർമിക്കപ്പെട്ട സ്ഥലത്തേക്ക് മുന്നോട്ട് പോയപ്പോഴാണ് എംഎൽഎ താഴേക്ക് വീണതെന്ന് ദൃക്‌സാക്ഷികൾ സൂചിപ്പിക്കുന്നു. നല്ല രീതിയിൽ തലയിൽ നിന്ന് രക്തം വാർന്ന് പോയതായും റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎയുടെ പരിക്കിനെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് ഉമ തോമസ് ബോധത്തിലായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞു. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച എംഎൽഎയെ സ്കാനിംഗ് അടക്കമുള്ള നടപടികൾക്ക് വേണ്ടി കൊണ്ടുപോയിരിക്കുകയാണ്.