യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്കരിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കൺവീനർ എം.എം ഹസന്‍. വെര്‍ച്വലായി ചടങ്ങില്‍ പങ്കെടുക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു.
എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പുതിയ തുടക്കത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഔചിത്യമല്ല. പ്രതിപക്ഷത്തിന് ഒന്നോ രണ്ടോ പ്രതിനിധികളെയെങ്കിലും അയയ്ക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.