അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. എംഎം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ ഹാളില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ മകള്‍ ആശ ലോറന്‍സും ചെറുമകനും മൃതദേഹത്തിന് സമീപം നിലയുറപ്പിച്ചതാണ് നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കില്ലെന്നായിരുന്നു ആശ ലോറന്‍സിന്റെ നിലപാട്. ഇവരെ പിന്തിരിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനരികെ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജിയിലാടയിരുന്നു ഹൈക്കോടതി വിധി. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമായിരുന്നു മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ സമയത്ത് ആശയും മകനും മൃതദേഹത്തിനരികെ നിലയുറപ്പിക്കുകയായിരുന്നു.