കേരള കോണ്‍ഗ്രസ് ചെയര്‍മാനായ പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് എം എം മണി എംഎല്‍എ. ഇടുക്കിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാന്‍ പി ജെ ജോസഫ് പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ജോസഫിന്റെ പാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ നടന്ന ഒരു സ്‌കൂള്‍ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് എം എം മണിയുടെ ആരോപണം.’വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി ജെ ജോസഫ് സ്‌കൂളുകള്‍ക്ക് പ്ലസ് ടു നിഷേധിച്ചത്.
സ്‌കൂളുകള്‍ ജോസഫിന്റെ പാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കാത്തതായിരുന്നു പ്ലസ് ടു അനുവദിക്കാത്തതിന് പിന്നിലെ കാരണം. ഈ കാലയളവില്‍ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന താന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വി എസിന്റെ നിര്‍ദ്ദേശപ്രകാരം സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കുകയായിരുന്നുവെന്നും എം എം മണി വെളിപ്പെടുത്തുന്നു.
ചില സ്‌കൂളുകള്‍ പി ജെ ജോസഫിന്റെ പാര്‍ട്ടിക്ക് പണം നല്‍കിയതായി തനിക്ക് അറിയാമെന്നും എം എം മണി ആരോപിച്ചു. മന്ത്രിയായിരിക്കെത്തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെടുകയും ഇത് നിഷേധിച്ചതിന് പിന്നാലെ ആനുകൂല്യങ്ങള്‍ തടഞ്ഞെന്നുമുള്ള ഗുരുതര ആരോപണമാണ് എം എം മണിയുടേത്.