'എംഎം മണിയെ പാര്‍ട്ടി മാര്‍ക്‌സിസം പഠിപ്പിക്കണം, അദ്ദേഹത്തിന്റേത് മുതലാളിയുടെ ഭാഷ' - ബിനോയ് വിശ്വം

നീലകുറിഞ്ഞി ഉദ്യാന അതിര്‍ത്തി വിഷയത്തില്‍ മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് സിപിഐ നേതാവും മുന്‍ വനംവകുപ്പ് മന്ത്രിയുമായ ബിനോയ് വിശ്വം. പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് എന്താണെന്ന് സിപിഐഎം മണിക്ക് പറഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട ബിനോയ് വിശ്വം മണി സംസാരിക്കുന്നത് ഭൂമിയെ ലാഭത്തിനായി മാത്രം പരിഗണിക്കുന്ന മുതലാളിമാരുടെ ഭാഷയാണെന്നും കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.

താന്‍ മന്ത്രിയായിരിക്കുന്ന സമയത്ത് ഭൂമിക്ക് പട്ടയമുള്ളവരെ കണ്ടെത്താന്‍ ഹിയറിങ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. അന്ന് ഹിയറിങ് നടത്തിയാല്‍ വെടിവെയ്പുണ്ടാകുമെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും തുടങ്ങിയ ഭീഷണി മുഴക്കിയവരാണ് ഇപ്പോള്‍ ബഹളം വെയ്ക്കുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളഇല്‍ താമസിക്കുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണം. എന്നാല്‍, കൈയേറ്റക്കാരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഈ വില്ലേജുകളിലെ പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് കത്തയച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നീലകുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് കൈയേറ്റക്കാരില്‍നിന്ന് കൊട്ടക്കമ്പൂര്‍ വട്ടവട പ്രദേശങ്ങളെ രക്ഷിക്കാനാണ്. ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ചല്ല അന്ന് അത് ചെയ്തത്. നിയമപരമായ പട്ടയമുള്ളവര്‍ക്ക് പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍, കൈയേറ്റക്കാരെ രാഷ്ട്രീയം നോക്കാതെ ഒഴിപ്പിക്കുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.