കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ തീവ്രമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്. ഒട്ടനവധി ചർച്ചകളിലും സഭകളിലും വേദികളിലും ഗൗരിയമ്മയ്ക്കൊപ്പം വാദപ്രതിവാദങ്ങളിലും പങ്കെടുത്ത ഓർമ്മകൾ തന്റെ മനസിൽ പച്ചപിടിച്ചു കിടക്കുന്നുണ്ടെന്ന് എം.എം ലോറൻസ് അനുസ്‌മരിച്ചു.
എം.എം ലോറൻസിന്റെ വാക്കുകൾ:
1952 കാലഘട്ടം മുതൽ ഗൗരിയമ്മയുമായി പരിചയവും അടുപ്പവും എനിക്കുണ്ടായിരുന്നു. ഒരു മന്ത്രി എന്ന നിലയ്ക്ക് നല്ലവണ്ണം കാര്യങ്ങൾ പഠിച്ചു അസംബ്ലിയിലും പുറത്തും അവർ കേൾവിക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുമായിരുന്നു. കാർഷിക നിയമം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയാണ്. ആ നിയമം നന്നായി പഠിച്ച്, പാർട്ടിയിലെ എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിൽ സ. സി എച് കണാരൻ തുടങ്ങിയവരും അന്ന് അസംബ്ലിയിലും പുറത്തും ഗൗരിയമ്മയ്ക്ക് ശക്തമായ പിന്തുണയുമായി നിലകൊണ്ടു.
തന്റേടിയായ പാർട്ടി പ്രവർത്തകയും മന്ത്രിയും ഒക്കെ ആയിരുന്നു ഗൗരിയമ്മ. തെരെഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിൽ വന്ന 1957 ലെ ഇ.എം.എസ് മന്ത്രിസഭയിൽ ഒരു പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്ത അംഗമായിരുന്നു അവർ. ഒട്ടനവധി ചർച്ചകളിലും സഭകളിലും വേദികളിലും ഗൗരിയമ്മയ്ക്കൊപ്പം വാദപ്രതിവാദങ്ങളിലും പങ്കെടുത്ത ഓർമ്മകൾ എന്റെ മനസിൽ പച്ചപിടിച്ചു കിടക്കുന്നുണ്ട്. എറണാകുളത്തു മുനിസിപ്പൽ തൊഴിലാളികൾ പണം പിരിച്ച് സ്വന്തമായി ഒരു ഓഫിസ് കെട്ടിടം ഉണ്ടാക്കി. ആ യൂണിയൻ ഓഫിസ് കെട്ടിടം (കേരളത്തിലെ ആദ്യത്തെ മുനിസിപ്പൽ തൊഴിലാളി ഓഫിസ്) ഉദ്ഘാടനം ചെയ്യാൻ അതിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ക്ഷണിച്ചത് മന്ത്രി ആയിരുന്ന ഗൗരിയമ്മയെ ആയിരുന്നു. സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ഗൗരിയമ്മയുടെത്. സ്വന്തം നേതൃത്വത്തിൽ ഒരു പാർട്ടി (JSS) രൂപീകരിച്ചു പ്രവർത്തനം നടത്തി. നിര്യാണത്തിൽ തീവ്രമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.