കൊച്ചിയിലെ ‘അലൻ വാക്കര്‍ ഡിജെ ഷോ’ക്കിടെ നടന്ന വൻ മൊബൈൽ ഫോണ്‍ കവര്‍ച്ചയിൽ രാജ്യവ്യാപക അന്വേഷണം. മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ ആസൂത്രണമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടന്നുവെന്നും പൊലീസ് അറിയിച്ചു.
ഉത്തരേന്ത്യൻ കവര്‍ച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. പതിനായിരത്തോളം പേര്‍ പങ്കെടുത്ത അലന്‍ വാക്കറുടെ മെഗാ ഡിജെ ഷോയ്ക്കിടെ ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകളാണ് മോഷണം പോയത്. സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ചയാണ് ഡിജെ ഷോയ്ക്കിടെ നടന്നത്.
കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ചാ സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി മോഷണം നടത്തിയത്. ഷോയിൽ മുന്‍നിരയില്‍ ഉണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ച കാണികളുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്.
അതേസമയം ഫോണ്‍ നഷ്ടമായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടു. നഷ്ടപ്പെട്ട ഫോണുകളില്‍ ഒരെണ്ണം മഹാരാഷ്ട്രയിലെ പന്‍വേല്‍ കടന്നെന്ന് ട്രാക്കിംഗ് വഴി വ്യക്തമായി. മറ്റൊരു ഫോണ്‍ കര്‍ണാകടയിലെ ഷിമോഗയിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ വെളിച്ചത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് നീങ്ങിയത്.