ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പി വി ശ്രീനിജിന്‍ എംഎല്‍എ പിന്‍വലിച്ചു. ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണേ… ഒരാള്‍ക്ക് കൊടുക്കാനാണ് എന്നായിരുന്നു അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തിരുന്നത്. ട്വന്റി ട്വന്റിക്കെതിരായ അക്രമങ്ങളില്‍ പി വി ശ്രീനിജന്‍ മാപ്പു പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് പിന്തുണ നല്‍കുന്നതെന്ന് രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. ട്വന്റി ട്വന്റി വോട്ട് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണം. വോട്ടു ചോദിക്കുന്നതിന് മുമ്പ് ആദ്യം എന്തും വിളിച്ചു പറയുന്ന സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ നിയന്ത്രിക്കണം. ട്വന്റി ട്വന്റിക്കെതിരായ അക്രമങ്ങളില്‍ ശ്രീനിജിന്‍ മാപ്പു പറയണം. കിറ്റക്‌സ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിട്ട് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വോട്ടു മാത്രം ചോദിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം തൃക്കാക്കരയില്‍ ആം ആദ്മി – ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂവെന്ന് സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞിരുന്നു. വികസന ആശയങ്ങളാണ് ഈ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ടുവെച്ചത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരുക, അഴിമതി കുറയ്ക്കുക എന്നിവയും തങ്ങളുടെ അജണ്ടയായി അവര്‍ പറയുന്നു. സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നുമായിരുന്നു സ്വരാജിന്റെ പ്രതികരണം.