കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തെരുവിലൂടെ നടക്കാനായത് കേരളത്തിലായതു കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്താണ് കാണിക്കുന്നതെന്നും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ അത് നടക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
‘പ്രധാനമന്ത്രി ഇന്നലെ തെരുവിലൂടെ നടന്നത് കേരളത്തിലായതു കൊണ്ടാണ്. ഇവിടെ മാത്രമേ അത് നടക്കൂ. ഈ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ പ്രത്യേകതയാണത്. ഈ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്താണത്. വേറെ ഒരിടത്തും അത് നടക്കില്ല. അവരുടെ ഉത്തര്‍പ്രദേശില്‍ ഇത് നടക്കില്ല. ഇവിടെ പ്രധാനമന്ത്രി നടന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.’
‘കള്ളപ്രചാരണങ്ങള്‍ നടത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. കേരളത്തിലെത്തിയ ശേഷം നടത്തിയ പ്രസംഗങ്ങളില്‍ പുതിയ ഒരു കാര്യവും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല. കേരളം വികസനത്തില്‍ പിന്നോട്ടാണെന്ന് മോദി പറയുന്നു. പക്ഷേ നീതി ആയോഗിന്റെ സൂചികയില്‍ ഒന്നാമത് കേരളമാണ്’ എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് സീറ്റു പിടിക്കുമെന്നോ ഉടന്‍ ഭരണം പിടിക്കുമെന്നോ മോദി പറഞ്ഞിട്ടില്ലെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പ്രസംഗം പറഞ്ഞ മോദിയേക്കാള്‍ ആവേശം അത് തര്‍ജമ ചെയ്ത കേന്ദ്രമന്ത്രി വി. മുരളീധരനാണെന്നും ഗോവിന്ദന്‍ പരിഹസിച്ചു.