രണ്ടാം വട്ടം അധികാരത്തിലേറി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ജൂണ്‍ എട്ടിനാണ് മോദി കേരളത്തിലെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഒപ്പമുണ്ടാകും.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഗുരുവായൂര്‍ ദേവസ്വത്തിന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചു. ബിജെപി വാഴാത്ത മണ്ണെന്ന ഖ്യാതിയുള്ള കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിന്റെ സന്ദേശം വ്യക്തമാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഈ സന്ദര്‍ശനമെന്നാണു വിലയിരുത്തല്‍.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മോദി തരംഗത്തിന് മുഖം തിരിച്ച് പിടിക്കുന്നവരാണ് മലയാളികള്‍. തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ മലയാളിയുടെ ഈ മാനസികാവസ്ഥയ്ക്ക്് മാറ്റം വരുത്തേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നിഴലിലും കേരളത്തില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്.