മോഡിഫൈ ചെയ്ത വാഹനങ്ങള്‍ 'പൊളിച്ചടുക്കും'; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ആക്രിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാഹനത്തിന്റെ എന്‍ജിനിലോ സസ്‌പെന്‍ഷനിലോ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടമയ്ക്ക് വിട്ടുനല്‍കരുതെന്നും കോടതി അറിയിച്ചു.

വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. നേരത്തെയും ഹൈക്കോടതി വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ കര്‍ശന നിലപാടെടുത്തിരുന്നു.

വയനാട് പനമരത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. നേരത്തെ വാഹനത്തില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ച സഞ്ജു ടെക്കിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.