മോഫിയയുടെ മരണം ഹൃദയഭേദകം; സ്ത്രീധന പീഡനമരണങ്ങൾ ദൗർഭാ​ഗ്യകരമെന്ന് ഗവര്‍ണര്‍

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനങ്ങള്‍ മരണങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരം ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. മോഫിയയുടെ മാതാപിതാക്കളോട് സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്. യുവതികള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചില മോശം ആളുകളുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. പൊലീസിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനങ്ങളും സിഐയുടെ മോശമായ പെരുമാറ്റവുമാണ് ആത്മഹത്യക്ക് കാരണമെന്ന്് മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മോഫിയയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടയില്‍ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭര്‍ത്താവിനെ അടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന്് സിഐ സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നല്‍ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായ മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.