മോഫിയയുടെ ആത്മഹത്യ; ആലുവ സി.ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി

എറണാകുളം ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സി.ഐക്കെതിരെ നടപടി സ്വീകരിച്ചു. എടയപ്പുറത്ത് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും പരാമര്‍ശമുണ്ടായിരുന്നു. ഇതോടെ ആലുവ സി.ഐ സിഎല്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി.

മോഫിയയുടെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി അന്വേഷിക്കും. ഭര്‍ത്താവിനെതിരെയും പൊലീസ് കേസെടുക്കും. ഇന്നലെ യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എതിരെ ആലുവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒത്തു തീര്‍പ്പാക്കുന്നതിനായി യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ച നടക്കുന്നതിനിടയില്‍ സി.ഐ തന്നെ മോശമായി ചീത്തവിളിച്ചു. ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കി. അതുകൊണ്ടാണ് ജീവനൊടുക്കുന്നത് എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. സി.ഐക്കെതിരേ നടപടിയെടുക്കണമെന്നും ആത്മഹത്യകുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് നടപടി എടുത്തത്.

പൊലീസിനതിരെ ആരോപണങ്ങളുമായി മോഫിയയുടെ പിതാവും രംഗത്ത് വന്നു. സിഐ തങ്ങളോട് മോശമായാണ് പെരുമാറിയത്. എല്ലാവരുടെയും മുന്നില്‍ വച്ച് തന്നോടും മകളോടും അപമര്യാദയായി സംസാരിച്ചു. അവര്‍ കരുണ കാണിച്ചിരുന്നെങ്കില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു വിവാഹം നടന്നത്. കോതമംഗലത്തേക്കാണ് വിവാഹം കഴിച്ചയച്ചത്. മോഫിയ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയയുടെ പിതാവ് ആരോപിച്ചു. ഭര്‍തൃ വീട്ടില്‍ മാനസികവും ശാരീരീകവുമായ പീഡനങ്ങള്‍ നേരിട്ടതോടെ വനിതാ കമ്മീഷനിലും പരാതിപ്പെട്ടിരുന്നു.

ഗാര്‍ഹിക പീഡനത്തിന് ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനോട് തട്ടിക്കയറിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.