ലൗ ജിഹാദ് ആരോപണവും വധഭീഷണിയും: മുഹമ്മദ് ഖാലിബിനും ആശാ വര്‍മയ്ക്കും സംരക്ഷണമൊരുക്കും; പിന്തുണച്ച് ഡിവൈഎഫ്ഐ

ലൗ ജിഹാദ് ആരോപണവും വധഭീഷണിയും ഭയന്ന് കേരളത്തില്‍ അഭയംതേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്ഐ. ലോകത്തിനുമുന്നില്‍ കേരളം ഒരിക്കല്‍ കൂടി മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും മതവര്‍ഗീയവാദികള്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന സ്ഥലമല്ലെന്ന് തെളിയിക്കുകയുമാണ്. ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഖാലിബും ആശാ വര്‍മയും സ്‌നേഹിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചവരാണ്.

മതം അവരുടെ ജീവിതത്തിന് വെല്ലുവിളിയായപ്പോഴാണ് കേരളമെന്ന മതനിരപേക്ഷ നാട്ടില്‍ എത്തിച്ചേരുന്നത്. വധഭീഷണി ഉള്‍പ്പെടെ വെല്ലുവിളി നേരിടുന്ന ഖാലിദിനും ആശയ്ക്കും പൂര്‍ണപിന്തുണ നല്‍കി സംരക്ഷണം നല്‍കാന്‍ ഡിവൈഎഫ്‌ഐയുണ്ടാകും. ജാര്‍ഖണ്ഡില്‍ വര്‍ഗീയവാദികള്‍ വിഷയത്തില്‍ വലിയ കലാപം സൃഷ്ടിക്കുകയാണ്. ജാര്‍ഖണ്ഡ് പൊലീസ് കായംകുളത്തെത്തി ഇവരെ അറസ്റ്റുചെയ്തുകൊണ്ട് പോകാനും നീക്കം നടത്തി. നാട്ടില്‍ എത്തിയാല്‍ ജീവന്‍ പോലും നഷ്ടപ്പെടുമെന്ന ഇവരുടെ ഭയം ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് നിലപാട് സ്വീകരിച്ച പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്തുവില കൊടുത്തും ഇവരുടെ സംരക്ഷണം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറും സെക്രട്ടറി ജയിംസ് ശമുവേലും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.