മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനുള്ള ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് 2011 ലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവർഷം പെരുമ്പാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Read more

വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ കേസിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.