മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരുമാസത്തേക്കാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് സ്‌റ്റേ തടസ്സമല്ലെന്നും കോടതി അറിയിച്ചു. സ്വത്ത് കണ്ടുന്നതിനുള്ള ഇഡിയുടെ നടപടിയെ തുടര്‍ന്ന് കെ എം ഷാജി സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ലുള്ളതാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നും ഷാജി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 30 ലക്ഷത്തില്‍ താഴെയുള്ള കേസുകളും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാതെയാണ് ഇഡി സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിറക്കിയതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. മാലൂര്‍ക്കുന്നിലെ പറമ്പും വീടുമാണ് കണ്ടുകെട്ടിയത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇത് ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കുമെത്തി. വയനാട്ടിലും കണ്ണൂരിലും കോഴിക്കോട്ടുമായി തന്റെ പേരിലുള്ള സ്വത്തെല്ലാം വാങ്ങിയത് ഷാജിയെന്നാണ് ഭാര്യ ആശ മൊഴി നല്‍കിയിരുന്നത്.
കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ കുടുംബത്തില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചു എന്നാണ് ഷാജി അന്ന് മൊഴി നല്‍കിയിരുന്നത്.