വയനാട് ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗത്തില്‍ പങ്കെടുത്ത് മടങ്ങി. വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമാണെന്നും മോദി അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
ആവശ്യമായ സഹായങ്ങള്‍ എത്രയും വേഗം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പുനഃരധിവാസത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ മോദി പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് ഉറപ്പ് നല്‍കി. വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ദുരന്തബാധിതരെ നേരില്‍ കണ്ടു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ദുരന്തബാധിതരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരില്‍ കണ്ട് മനസിലാക്കി. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ഈ അവസരത്തില്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനമെന്നും മോദി വ്യക്തമാക്കി.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഏതുമാകട്ടെ ദുരിതബാധിതര്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. വയനാട് ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി, ചീഫ് സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും നേരത്തെ പ്രധാനമന്ത്രി നേരില്‍ കണ്ടിരുന്നു.