സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ്; വിദേശത്ത് നിന്ന് എത്തിയ 37-കാരന് രോഗബാധ

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് ബാധ. കാസര്‍കോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്.

എന്താണ് മങ്കി പോക്‌സ്?

വസൂരി പരത്തുന്ന വൈറസ് കുടുംബത്തില്‍പ്പെട്ടതാണ് മങ്കിപോക്‌സ് വൈറസും. സാധാരണഗതിയില്‍ രോഗം ഗുരുതരമാകാറില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. രോഗബാധിതരായ മൃഗങ്ങളുമായി അടുത്ത് സംബര്‍ക്കത്തിലേര്‍പ്പെടുമ്പോഴാണ് മനുഷ്യരിലേക്ക് വൈറസ് പകരുന്നത്. രോഗബാധിതരായ മനുഷ്യരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കും രോഗം പകരാം.

ലക്ഷണങ്ങള്‍

പനി
തലവേദന
പേശീവേദനകള്‍
പുറം വേദന
ക്ഷീണം
നീര്‍വീഴ്ച
ശരീരത്തിലും മുഖത്തും തടിപ്പുകള്‍ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍.
മങ്കി പോക്‌സ് ചിക്കന്‍പോക്‌സോ മീസല്‍സോ മറ്റോ ആയി തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷണങ്ങള്‍ പ്രകടമാകുന്നതെപ്പോള്‍

വൈറസ് ബാധിച്ച് 7-14 ദിവസത്തിനുള്ളില്‍ രോഗബാധയുണ്ടാകും. രണ്ടു മുതല്‍ നാല് ആഴ്ചവരെ രോഗം നീണ്ടു നില്‍ക്കാം. രോഗബാധമൂലമുണ്ടാകുന്ന ചൊറിച്ചില്‍ മാറുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് രോഗം പകരുക.

രോഗ തീവ്രത എങ്ങനെ

രോഗത്തിന് നാല് ഘട്ടമാണുള്ളത്. 0-5 ദിവസം വരെ ആദ്യഘട്ടം ഇന്‍വാഷന്‍ പിരീഡ് ആണ്. ചെറിയ പനി, തലവേദന, ലിംഫ്‌നോഡുകളിലെ വീക്കം എന്നിവ ഈഘട്ടത്തില്‍ അനുഭവപ്പെടും.

ലിംഫ് നോഡുകളുടെ വീക്കമാണ് മങ്കിപോക്‌സിന്റെ പ്രധാന ലക്ഷണം. ഇതേപോലുള്ള മറ്റ് രോഗങ്ങളില്‍ ലിംഫ്‌നോഡ് വീങ്ങാറില്ല.

രണ്ടു ദിവസത്തെ പനിക്ക് ശേഷം തൊലിയില്‍ കുമിളകളും വ്രണവും കാണാം. 95 ശതമാനം കേസിലും വ്രണങ്ങള്‍ മുഖത്താണ് കൂടുതലായി ഉണ്ടാകുക. 75 ശതമാനം കേസുകളില്‍ കൈവെള്ളയിലും കാല്‍പാദത്തിലും കാണാം. 70 ശതമാനം കേസുകളില്‍ വായിലെ മസ്‌കസ് പാളിയെ ബാധിക്കും. കണ്ണിന്റെ കോര്‍ണിയ, ജനനേന്ദ്രിയങ്ങള്‍ എന്നിവടെയും ബാധിക്കാം.

ത്വക്കിലുണ്ടാകുന്ന വ്രണങ്ങള്‍ രണ്ടു മുതല്‍ നാല് ആഴ്ചവരെ നീണ്ടു നില്‍ക്കും. മുറിവുകള്‍ വേദനാജനകമായിരിക്കും. കുമിളകളില്‍ ആദ്യം തെളിഞ്ഞ നീരും പിന്നീട് പഴുപ്പും നിറയും. ഒടുവില്‍ പൊറ്റകെട്ടുകയോ തൊലിവന്ന് മൂടുകയോ ചെയ്യും.

രോഗികളെ ഐസോലേറ്റ് ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കണ്ണുകളില്‍ വേദന, കാഴ്ച മങ്ങുക, ശ്വാസതടസം നേരിടുക, മൂത്രത്തിന്റെ അളവില്‍ കുറവുണ്ടാവുക എന്നീലക്ഷണങ്ങള്‍ രോഗിക്കുണ്ടോ എന്ന കാര്യം നിരീക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

ചികിത്സ

ഇതുവരെ പ്രത്യേക ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങള്‍ക്കനുസൃതമായ ചികിത്സ നല്‍കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. രോഗബാധിതര്‍ സമ്പര്‍ക്ക വിലക്കില്‍ തുടരണം.