പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിവരം ഐജി ലക്ഷ്മണയെ അറിയിച്ചത് അനിത പുല്ലയില്‍. ഐ.ജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്തായി. മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റുണ്ടായ സെപ്റ്റംബര്‍ 25ന് രാത്രി 9.30 ശേഷം ഇരുവരും തമ്മില്‍ നടന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നത്.
മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച് രണ്ട് വര്‍ഷം മുമ്പ് തന്നെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംശയം പ്രകടിപ്പിച്ചതായും അനിതാ പുല്ലയില്‍ ഐജി ലക്ഷ്മണയോട് പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഇതടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മോന്‍സണ്‍ അറസ്റ്റിലായി എന്ന് അനിത പുല്ലയില്‍ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മണ്‍ നല്‍കിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്. മോന്‍സണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വര്‍ഷം മുമ്പ് ബെഹ്‌റ ചോദിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. വിവരങ്ങള്‍ പങ്കുവെച്ചതിലുള്ള നന്ദി ലക്ഷ്മണിനെ അറിയിക്കുന്നു. മാവുങ്കലിന്റെ അറസ്റ്റ് വാര്‍ത്തയായത് അടുത്ത ദിവസമാണ്. അതിന് മുമ്പേ അനിത അറിഞ്ഞുവെന്നാണ് ചാറ്റിലൂടെ വ്യക്തമാകുന്നത്. പൊലീസില്‍ പുല്ലയിലിനുള്ള സ്വാധീനത്തിന് പുതിയ തെളിവുകൂടിയാണ് വാട്സ്ആപ്പ് ചാറ്റ്.
വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
പല ഉന്നതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് അനിതയായിരുന്നു. തട്ടിപ്പുകേസില്‍ പരാതിക്കാരെ അനിത സഹായിച്ചിരുന്നു. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. മോന്‍സണ്‍ നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അനിതയ്ക്ക് അറിയാം എന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.