മോന്‍സന്റെ പണം കൈപ്പറ്റിയ കേസ്; എറണാകുളം പ്രസ്‌ക്ലബ്ബില്‍ അഴിച്ചുപണി, പ്രസിഡന്റും, സെക്രട്ടറിയും, ട്രഷററും പുറത്ത്

വിവാദ പുരാവസ്തു തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പത്തു ലക്ഷം കൈപ്പറ്റിയെന്ന കേസില്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ അഴിച്ചുപണി. ആരോപണ വിധേയനായ പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്ത്, പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവരെ ഇന്ന് കൂടിയ അടിയന്തിര ജില്ലാ കമ്മിറ്റിയോഗം നീക്കം ചെയ്തു. മൂവര്‍ക്കുമെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയോട് യോഗം ആവശ്യപ്പെടുകയും ചെയ്തു. മോന്‍സന്‍ വിവാദത്തില്‍ വാങ്ങിയ പണം തിരിച്ചടിക്കാനും, ബില്ലുകള്‍ ഹാജരാക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു.

മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ പണം കൈപ്പറ്റിയതായ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ ജില്ലാ കമ്മിറ്റി അംഗമായ സഹിന്‍ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെയാണ് പത്തു ലക്ഷം രൂപ കൈപ്പറ്റിയതായും, രണ്ടു ലക്ഷം തനിക്ക് കമ്മീഷനായി ലഭിച്ചുവെന്നും വെളിപ്പെടുത്തല്‍ നടത്തിയത്. പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതോടെ സഹിന്‍ ആന്റണിയും, ശശികാന്തും പരസ്പരം പഴി ചാരി കമ്മിറ്റി അംഗങ്ങള്‍ക്ക് ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. സഹിന്‍ പണം വാങ്ങിയതാണെന്നും തനിക്ക് മോന്‍സനെ അറിയില്ലെന്നും ശിശികാന്ത് സന്ദേശം അയച്ചപ്പോള്‍, ശശികാന്തും താനും ചേര്‍ന്ന് മൂന്നു തവണ മോന്‍സനെ കണ്ടിരുന്നെന്നായിരുന്നു സഹിന്റെ സന്ദേശം.

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ വാര്‍ത്തയായതോടെയാണ് ഇന്ന് അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടിയെടുത്തത്. മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം പ്രസ് ക്ലബ്ബില്‍ തിരിച്ചടക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നേതൃത്വത്തിനെതിരെ സാമ്പത്തിക കുറ്റം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ മാറ്റി നിര്‍ത്തണമെന്നായിരുന്നു ഭൂരിപക്ഷ ആവശ്യം. ഇതോടെ ജില്ലാ നേതൃസ്ഥാനങ്ങളില്‍ നിന്ന് ശശികാന്ത്, ഫിലിപ്പോസ് മാത്യു, സിജോ പൈനാടത്ത് എന്നിവരെ മാറ്റി പകരം പ്രസിഡന്റായി ജിപ്‌സന്‍ സിക്കേര, സെക്രട്ടറിയായി റെജി, ട്രഷററായി ജീനാ പോള്‍ എന്നിവരെ യോഗം ചുമതല നല്‍കുകയും ചെയ്തു.

യോഗത്തില്‍ പതിനേഴുപേരാണ് സംസാരിച്ചത്. സംസാരിച്ചവരില്‍ ഭൂരിപക്ഷവും പ്രസിഡന്റും, സെക്രട്ടറിയും, ട്രഷററും മാറി നില്‍ക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മിറ്റി പൂര്‍ണമായും ഉത്തരവാദിത്വം ഏറ്റ് മാറണമെന്നായിരുന്നു സെക്രട്ടറിയായ ശശികാന്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ യോഗം വിസമ്മതിച്ചതോടെയാണ് മൂവരെയും മാറ്റി നിര്‍ത്താന്‍ തീരുമാനമായത്. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനും, ഇവര്‍ക്കെതിരെയുള്ള തുടര്‍ നടപടി സ്വീകരിക്കാനും ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

നേരത്തെ മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മിറ്റി അംഗമായ സഹിന്‍ ആന്റണിയെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോന്‍സന്റെ കയ്യില്‍ നിന്നും സെക്രട്ടറി പണം വാങ്ങിയെന്ന വിവരം പുറത്തു വരുന്നത്. പ്രസ്‌ക്ലബ്ബിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അടക്കമുള്ളവരെ മാറ്റേണ്ടി വന്നത്.

എന്നാല്‍ ജില്ലാ കമ്മിറ്റിയോഗത്തിന് ശേഷം അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ജില്ലാ കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായി എന്നും, തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷരര്‍ എന്നിവര്‍ തയ്യാറായി വന്നു എന്നും, ഇത് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു എന്നുമാണ് പറയുന്നത്. താല്‍കാലിക ചുമത നല്‍കിയ കാര്യം സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്നും, ജില്ലാ കമ്മിറ്റിയെ തെറ്റിധരിപ്പിച്ച് വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ സഹിന്‍ ആന്റണിയെ പുറത്താക്കിയെന്നും മെയിലില്‍ പറയുന്നു. യൂണിയന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സഹിനെ നീക്കാന്‍ സംസ്ഥആന കമ്മിറ്റിയെ അറിയിക്കുമെന്നും പറയുന്നുണ്ട്. അടിസ്ഥാന രഹിത ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പറയുന്നു. ജില്ലാ കമ്മിറ്റിയോഗ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന പരാതിയാണ് ഉയരുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു