മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു എന്നതിനാലാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും, പൊലീസ് ആവശ്യപ്പെട്ടാൽ മോൻസന്റെ ‘പുരാവസ്തു’ ശേഖരം സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മോൻസൺ ഒരു കെട്ടിപ്പൊക്കിയ കഥാപാത്രമാണ്. ആളുകളെ എങ്ങനെ പറ്റിക്കാമെന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ആളാണ് മോൻസൺ. ഇത്രയും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും വീഴ്ത്താനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഒരു വിദേശ മലയാളി സംഘടനയുടെ പേരില്‍ തന്നെ കാണാന്‍ മോൻസൺ വന്നിരുന്നതായും പുരാവസ്തുക്കളുടെ വലിയ ശേഖരം തന്റെ കൈയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ മോൻസൺ കാണാന്‍ വന്നതിന് പിന്നാലെ ഇയാള്‍ തട്ടിപ്പുകാരനാണ് ശ്രദ്ധിക്കണം എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞിരുന്നതായും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ഇതിന് ശേഷം മോന്‍സനെതിരെയുള്ള പൊലീസ് അന്വേഷണത്തിന്റെ രേഖകളും തനിക്ക് ലഭിച്ചു. ഇദ്ദേഹത്തിനെതിരെയുള്ള പൊലീസ് അന്വേഷണം തകൃതിയായി നടക്കുന്നു രണ്ടോ മൂന്നോ ദിവസത്തിനകം ഇയാൾ അകത്താകും എന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിവരങ്ങൾ പുറത്തു പറയാതിരിക്കുന്നതാണ് ഭംഗി എന്നതുകൊണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.