ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

വിവാദ വ്യവസായി ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസിലാണ് പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 78 ആണ് പുതുതായി പൊലീസ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ ബോബിയ്‌ക്കെതിരെ ബിഎന്‍എസ് 75, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഹണി റോസ് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

കഴിഞ്ഞയാഴ്ചയാണ് കേസില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപ, രണ്ട് ആള്‍ ജാമ്യം എന്ന സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹണി റോസിനെതിരെ ബോബി നടത്തിയത് ദ്വയാര്‍ഥ പ്രയോഗം തന്നെയാണെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.