വിലങ്ങാട് ഉരുള്‍പ്പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങള്‍; വിദഗ്ധ സംഘം നാളെ എത്തും

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ എത്തും. വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തി. ഡ്രോണ്‍ പരിശോധനയിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്.

ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ നാലംഗ വിദഗ്ധസംഘമാണ് വിലങ്ങാട് എത്തുക. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷനിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകളും സംഘം കണ്ടെത്തും.

മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയില്‍ നൂറിലധികം പ്രഭവ കേന്ദ്രങ്ങളാണ് കണ്ടെത്തിയത്.

Read more

അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സര്‍വ്വേ പൂര്‍ത്തിയായത്. ബാക്കി സ്ഥലങ്ങളില്‍ സര്‍വ്വേ നാളെയും തുടരും.