മൂന്നര ലക്ഷത്തോളം പേര്‍ക്ക് ഇനിയും ഓണക്കിറ്റ് ലഭിച്ചില്ല. ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേര്‍ക്കും ഇതുവരെ കിറ്റ് ലഭിച്ചിട്ടില്ല. എന്നാല്‍, ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകും എന്നാണ് സര്‍ക്കാര്‍ വാദം.
ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനിയും 3,27,737 പേര്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂര്‍ത്തിയാകും എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായി എന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ തകരാറിലായിരുന്നു. മെഷീന്‍ പണിമുടക്കിയതിന് ശേഷം ഒടിപി വെരിഫിക്കേഷന്‍ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും കിറ്റ് വിതരണം മന്ദഗതിയിലായിരുന്നു.