നൂറ് രൂപയ്ക്ക് കുഴിമന്തി നല്‍കിയില്ല; ഹോട്ടലിന് നേരെ നടത്തിയ ആക്രമണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

കോഴിക്കോട് കാരന്തൂരില്‍ ഹോട്ടലില്‍ കുഴിമന്തിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും സാരമായ പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഹോട്ടലിന് നേരെയുണ്ടായ കല്ലേറിലാണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി മൂന്ന് യുവാക്കള്‍ ഹോട്ടലില്‍ എത്തുകയും നൂറ് രൂപയ്ക്ക് മൂന്ന് പേര്‍ക്ക് കഴിക്കാന്‍ ഉള്ള കുഴിമന്തി വേണം എന്ന് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ ഇത് സാധ്യമല്ലെന്ന് അറിയിച്ചതോടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ഹോട്ടലിന് പുറത്തിറങ്ങിയ യുവാക്കള്‍ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു.

Read more

യുവാക്കളുടെ കല്ലേറില്‍ ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ന്നു. പൊട്ടിയ ചില്ലുകള്‍ പതിച്ചാണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. അക്രമികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.