ആലപ്പുഴ ഹരിപ്പാട് മദ്യലഹരിയില്‍ അമ്മയെ ആക്രമിച്ചതിന് പിന്നാലെ അറസ്റ്റിലായ സൈനികനെ റിമാന്‍ഡ് ചെയ്തു. മുട്ടം ആലക്കോട്ടില്‍ സുബോധിനെ (37) നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തത് എന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു. ഇയാളെ ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
സുബോധ് ബെംഗളൂരുവില്‍ ട്രേഡ്‌സ്മാനായാണ് ജോലി ചെയ്യുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ സൈന്യത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഇന്റലിജന്റസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിഷയം ഇന്റലിജന്റസ് ബ്യൂറോ ഗൗരവമായാണ് എടുത്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. 69 വയസ്സുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂത്തസഹോദരന്‍ സുഗുണനാണ് ഇത് പകര്‍ത്തിയത്. അമ്മയെ പിടിച്ച് വലിക്കുകയും, എടുത്ത് ഉയര്‍ത്തി നിലത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സുബോധ് അസഭ്യം പറയുന്നതും അമ്മ നിലവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടില്‍ തിരിച്ചെത്തിച്ചു.
മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടില്‍ എത്തിയത്. മദ്യപിച്ച് ഇയാള്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സഹോദരനും മദ്യപിച്ച നിലയില്‍ ആയിരുന്നു. അമ്മയെയും മുമ്പ് നിരവധി തവണ മര്‍ദ്ദിച്ചട്ടുണ്ട്.